Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

പശുക്കളെ വാങ്ങാനും തൊഴുത്ത് നിർമിക്കാനും ധനസഹായം ; ക്ഷീരമേഖലക്ക്‌ മുൻഗണന നൽകി സുഭിക്ഷം പദ്ധതി

കോട്ടയം : ക്ഷീരമേഖലക്ക്‌ മുൻഗണന നൽകി പുൽപ്പള്ളി പഞ്ചായത്ത്‌ സുഭിക്ഷം പദ്ധതി. 80 കുടുംബങ്ങൾക്ക് പശുക്കളെ വാങ്ങാനും തൊഴുത്ത് നിർമിക്കാനും ധനസഹായം നൽകും. ഓരോ കുടുംബത്തിനും നാൽപ്പതിനായിരം രൂപ സബ്സിഡി നൽകും.

ജില്ലയിലെ രണ്ടാമത്തെ വലിയ ക്ഷീര സഹകരണ സംഘമാണ്‌ പുൽപ്പള്ളി സംഘം. പ്രതിദിനം പതിനെണ്ണായിരത്തോളം ലിറ്റർ പാൽ സംഘം സമാഹരിക്കുന്നുണ്ട്. പുൽപ്പള്ളി മേഖലയിലെ ആയിരത്തിലധികം കുടുംബങ്ങളുടെ ഉപജീവന മാർഗം പശു വളർത്തലാണ്‌. കൂടുതൽപേരെ ഈ മേഖലയിലേക്ക്‌ ആകർഷിക്കുന്നതിനാണ്‌ പഞ്ചായത്ത്‌ പദ്ധതി.

1.2 കോടിയുടെ സുഭിക്ഷ കേരളം പ്രൊജക്ടുകൾക്കാണ് പഞ്ചായത്ത് അംഗീകാരം നേടിയത്. നെൽകൃഷി പ്രോത്സാഹനത്തിന് കർഷകർക്ക് ഹെക്ടറൊന്നിന് നാൽപതിനായിരം രൂപ സബ്സിഡി നൽകും. 30 ഹെക്ടർ നെൽകൃഷി പുനരുദ്ധാരണത്തിനും ‌ പദ്ധതിയുണ്ട്‌. ശുദ്ധജല മത്സ്യ കൃഷി പ്രോത്സാഹനത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്.

40 കുളങ്ങളിൽ ശാസ്ത്രീയ രീതിയിൽ മത്സ്യകൃഷി തുടങ്ങാൻ ധനസഹായം നൽകും. വിപണനത്തിനും സഹായിക്കും. എട്ട്‌ ലക്ഷമാണ്‌ ഈ പദ്ധതിക്കായുള്ളത്‌. മുട്ട ഉൽപ്പാദനം വർധിപ്പിക്കാനും കുടുംബിനികൾക്ക് തൊഴിലും ഉറപ്പാക്കുന്നതിനായി മുട്ടകോഴി വളർത്തൽ പദ്ധതിയുമുണ്ട്‌ . കിഴങ്ങുവിള, പച്ചക്കറി ഉൽപ്പാദനം എന്നിവക്കായി നാല്‌ ലക്ഷം വകയിരുത്തിയിട്ടുണ്ട്‌. പഞ്ചായത്തിലെ 20 വാർഡുകളിലെയും ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ്‌ ബിന്ദു പ്രകാശ് പറഞ്ഞു.