Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

സന്ദീപ് നായര്‍ സരിത്തിനൊപ്പം സ്വര്‍ണ്ണം കടത്തിയെന്ന് ഭാര്യ സൗമ്യ

കൊച്ചി: സന്ദീപ് നായര്‍ സരിത്തിനൊപ്പം സ്വര്‍ണ്ണം കടത്തിയെന്ന് ഭാര്യ സൗമ്യ കസ്റ്റംസിനെ അറിയിച്ചു. സന്ദീപ് നിരവധി തവണ വിദേശയാത്ര നടത്തിയിരുന്നെന്നും സൗമ്യ പറഞ്ഞു. സൗമ്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യവേയാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ബുധനാഴ്ച രാവിലെയാണ് തിരുവനന്തപുരത്തുനിന്ന് സൗമ്യയെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തത്. അതേസമയം മകന് സ്വര്‍ണ്ണക്കടത്തില്‍ പങ്കില്ലെന്നാണ് സന്ദീപിന്റെ അമ്മ ഉഷ മാധ്യമങ്ങളെ അറിയിച്ചത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രധാന കണ്ണികളായ സരിത്തിന്റെയും സ്വപ്ന സുരേഷിന്റെയും അടുത്ത സുഹൃത്താണ് സന്ദീപ്. 2014 ലും സന്ദീപ് സ്വര്‍ണ്ണക്കടത്തിന് അറസ്റ്റിലായിരുന്നു. സ്വപ്നയ്ക്ക് പിന്നാലെ സന്ദീപും ഒളിവില്‍ പോയിരിക്കുകയാണ്. നാല് ദിവസമായി ഒളിവില്‍ കഴിയുന്ന സ്വപ്നയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കസ്റ്റംസ് സംഘം ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

സ്വപ്ന സുരേഷ് തിരുവനന്തപുരത്ത് തന്നെയാണ് ഒളിവില്‍ കഴിയുന്നതും അതല്ല, തമിഴ്‌നാട്ടിലേക്ക് കടന്നതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. അതിനിടെ, കൊച്ചിയിലെ ചില പ്രമുഖ അഭിഭാഷകരെ സ്വപ്നയുമായി ബന്ധമുള്ളവര്‍ സമീപിച്ചതായും സൂചനയുണ്ട്. മുന്‍കൂര്‍ജാമ്യം തേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇവര്‍ അഭിഭാഷകരെ ബന്ധപ്പെട്ടത്. എന്നാല്‍ ഒരു തവണ മാത്രമാണ് അഭിഭാഷകരെ ബന്ധപ്പെട്ടതെന്നും മറ്റു നടപടികളിലേക്ക് കടന്നിട്ടില്ലെന്നുമാണ് വിവരം.

ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷ് രാജ്യം വിടാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവര്‍ എന്തിനാണ് ഒളിവില്‍ പോകുന്നതെന്നും എന്തായാലും അവരെ പിടികൂടുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒളിവില്‍ കഴിയുന്നത് അവരെ കൂടുതല്‍ കുഴപ്പത്തിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വപ്നയുടെ നീക്കങ്ങളെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തിരുന്നു.