Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

രാജകുടുംബത്തിന്റെ അവകാശം ശരിവച്ചു; ക്ഷേത്രഭരണം താല്‍ക്കാലിക സമിതിക്ക്; ബി നിലവറ തുറന്നു പരിശോധിക്കുന്ന കാര്യം സമിതിക്കു തീരുമാനിക്കാം

ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ രാജകുടുംബത്തിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍ മുകളിലുള്ള അധികാരം സുപ്രീകോടതി ശരിവെച്ചു. ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബം നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ക്കായി താല്‍ക്കാലിക സമിതി രൂപീകരിക്കാം. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഭരണസമിതി രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ക്ഷേത്രത്തിലെ മുഖ്യ തന്ത്രി, രാജകുടുംബം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുടെ ഓരോ പ്രതിനിധികളും അടങ്ങുന്നതായിരിക്കണം സമിതി.

അഹിന്ദുക്കള്‍ സമിതിയില്‍ ഉണ്ടാവരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കുന്ന കാര്യത്തില്‍ സമിതിക്കു തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. പുതിയ ഭരണ സംവിധാനത്തിന്റെ ഭരണഘടന തയാറാവും വരെ താല്‍ക്കാലിക സമിതി ഭരണം തുടരാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ ശരിവെച്ചുകൊണ്ടാണ്, ജസ്റ്റിസുമാരായ യു.യു ലളിതും ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ചിന്റെ വിധി. കവനന്റില്‍ ഒപ്പുവച്ച രാജാവിന്റെ മരണത്തോടെ ക്ഷേത്രനടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതായിട്ടില്ലെന്ന് വിധിന്യായത്തില്‍ ജസ്റ്റിസ് യു.യു ലളിത് ചൂണ്ടിക്കാട്ടി.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമാണ് 2011 ജനുവരിയില്‍ ഹൈക്കോടതി വിധിച്ചത്. പത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. മതേതര സര്‍ക്കാരിനു ക്ഷേത്ര നടത്തിപ്പു സാധ്യമല്ലാത്തതിനാല്‍ ഗുരുവായൂര്‍ ദേവസ്വം മാതൃകയില്‍ ട്രസ്‌റ്റോ നിയമാനുസൃത സമിതിയോ സ്ഥാപിച്ചു ഭരണം നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെയും പിന്‍മുറക്കാരെയും ‘പത്മനാഭദാസന്‍’ എന്ന നിലയില്‍ ആചാരാനുഷ്ഠാനങ്ങളില്‍ പങ്കെടുപ്പിക്കണം. ക്ഷേത്ര പരിസരത്തു മ്യൂസിയം നിര്‍മിച്ച് ക്ഷേത്രത്തിന്റെ അമൂല്യവസ്തുക്കള്‍ ഭക്തര്‍ക്കും സഞ്ചാരികള്‍ക്കും കാണാന്‍ അവസരമൊരുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്ഷേത്രം തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വകയാണെന്ന വാദത്തില്‍ കഴമ്പില്ലെന്നും ഹൈക്കോടതി വിധിച്ചു.

ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമില്ല എന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ക്ഷേത്രത്തിന്റെ സ്വത്തില്‍ ഒരു അവകാശവും തിരുവിതാംകൂര്‍ രാജകുടുംബം ഉന്നയിക്കുന്നില്ല. എന്നാല്‍ പ്രത്യേകതകള്‍ ഉള്ള ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠക്ക് അവകാശ പെട്ടതാണ്. അത് നോക്കിനടത്താനുള്ള ഭരണപരമായ അവകാശമാണ് രാജകുടുംബം കോടതിയില്‍ ആവശ്യപ്പെട്ടത്.