Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ പത്തരലക്ഷം: സമൂഹവ്യാപനം ആരംഭിച്ചെന്ന് ഐ എം എ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ പത്തരലക്ഷത്തിലേക്ക് കടന്നു. പല സംസ്ഥാനങ്ങളിലും സമൂഹവ്യാപനം തുടങ്ങിയതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. വി.കെ. മോംഗ മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ അവസ്ഥ മോശമായെന്നും ഐ എം എ ചൂണ്ടിക്കാട്ടി. ഓരോ ദിവസവും 30,000 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ ഗ്രാമങ്ങളിലേക്കും രോഗം വ്യാപിക്കുകയാണ്. ഇതൊരു മോശം സൂചനയാണെന്നും സമൂഹവ്യാപനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമബംഗാളില്‍ രോഗബാധിതരുടെ എണ്ണം 40,000 കടന്നു. സാമ്പിളുകള്‍ പരിശോധിക്കുന്നത് വര്‍ദ്ധിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദാബാദ് മെഡിക്കല്‍ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. ആന്ധ്രയിലെ ശ്രീകാകുളത്ത് 14 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഗോവ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമൂഹവ്യാപനം തുടങ്ങിയതായി ഐ എം എ അധ്യക്ഷന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കൂടി സഹകരണത്തോടെ രോഗം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടില്‍ 4807 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 88 പേര്‍ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകള്‍ 1,65,714. മരണം 2403. ചെന്നൈയില്‍ മാത്രം 84,598 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1475 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു.

കര്‍ണാടകയില്‍ 4,537 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 93 പേര്‍ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകള്‍ 59,652. മരണം 1240. ബംഗളൂരുവില്‍ മാത്രം 2125 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രയില്‍ രോഗികളുടെ എണ്ണം കുതിക്കുകയാണ്. 3963 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 52 പേര്‍ മരിച്ചു.

പശ്ചിമബംഗാളില്‍ 2,198, ഉത്തര്‍പ്രദേശില്‍ 1986, തെലങ്കാനയില്‍ 1,284, ഗുജറാത്തില്‍ 1061, ബിഹാറില്‍ 739 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഷിംലയിലെ ഇന്ത്യന്‍ കോഫീ ഹൗസ് താത്കാലികമായി അടച്ചുപൂട്ടി.