Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

പാലിനു നല്ല വില നേടാൻ കൊഴുപ്പ് വർധിപ്പിക്കാം

ക്ഷീരകര്‍ഷകരെ സംബന്ധിച്ചിടത്തോളം അവര്‍ക്കുണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങള്‍ ക്ഷീര സംഘങ്ങളില്‍ നല്‍കുന്ന പാലില്‍ കൊഴുപ്പ് കുറവാണെന്ന കാരണത്താല്‍ ശരിയായ വില ലഭിക്കുന്നില്ല എന്നതാണ്.

ഇത്തരത്തില്‍ പാലിലെ കൊഴുപ്പിനെ ബാധിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ആരോഗ്യമുള്ള പശുവിന്റെ അകിടില്‍ നിന്ന് ലഭിക്കുന്ന സ്രവത്തേയാണ് പാല്‍ എന്ന് പറയുന്നത്. മനുഷ്യശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയതിനാല്‍ പാലിനെ സമീകൃതാഹാരം എന്ന് വിളിക്കുന്നു.

കറവപ്പശുക്കളില്‍ നിന്ന് ലഭിക്കുന്ന പാലിന്റെ അളവും ഗുണവും പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് അതിന്റെ ജനുസ്സ് അനുസരിച്ചാണ്. കൂടുതല്‍ ക്ഷീരോല്‍പ്പാദനശേഷിയുള്ള പശുവിന്റെ പാലില്‍ കൊഴുപ്പ് കുറവായിരിക്കും. ഒരേ വര്‍ഗത്തില്‍പെട്ടതാണെങ്കില്‍ പോലും കൂടുതല്‍ കറവയുള്ള പശുവിന്റെ പാലില്‍, കൊഴുപ്പ് മറ്റുള്ള പശുക്കളുടെ പാലില്‍ ഉള്ളതിനെക്കാള്‍ കുറവായിക്കണ്ടുവരുന്നു. കൊഴുപ്പ് കൂടിയ പാലില്‍ കൊഴുപ്പ് രഹിത ഖരവസ്തുക്കളും കൂടുതല്‍ ഉണ്ടായിരിക്കും.

പ്രസവം കഴിഞ്ഞ് ആദ്യത്തെ നാല്‍പ്പത് ദിവസം വരെ കറവ കൂടിവരുന്നു. ഇതിന് ശേഷം പാല്‍ ക്രമേണ കുറയുന്നു. കറവക്കാലം മുമ്പോട്ട് പോവുംതോറും പാലിന്റെ അളവ് കുറയുകയും കൊഴുപ്പ് വര്‍ധിക്കുകയും ചെയ്യുന്നു. ലാക്‌റ്റോസ് ഒഴികെയുള്ള മറ്റ് ഘടകങ്ങളും ഇതുപോലെ വര്‍ധിക്കുന്നു.

പ്രസവസമയത്തുള്ള പശുവിന്റെ ശരീരസ്ഥിതിയും പാലിലെ കൊഴുപ്പിനെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകമാണ്. പ്രസവസമയത്ത് പശു നന്നായി കൊഴുത്തിരിക്കുകയാണെങ്കില്‍ പാലിന്റെ കൊഴുപ്പ് കൂടുതല്‍ ഉണ്ടാവും. ഈ സ്വഭാവം കൊഴുത്ത അവസ്ഥ അവസാനിക്കുന്നത് വരെയും പ്രകടമായിരിക്കും.

നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ പാലില്‍ കൊഴുപ്പ് കൂടുതലും മഴക്കാലമായ ജൂണ്‍ – ജൂലൈ മാസങ്ങളില്‍ കുറവുമായിരിക്കും. കറവയുള്ള പശുക്കളെ ദിനംപ്രതി മൂന്ന് നേരമോ നാല് നേരമോ കറക്കുന്നതായാല്‍ പാലിന്റെ അളവില്‍ ഗണ്യമായ വര്‍ധനവ് കാണപ്പെടുന്നു. മൂന്ന് നേരം കറക്കുന്ന പശുക്കളില്‍ കറവ ദീര്‍ഘകാലം നില്‍ക്കുന്നതായും കാണപ്പെടുന്നു. വൈകിട്ടുള്ള കറവ കഴിഞ്ഞ് പതിനഞ്ചോളം മണിക്കൂര്‍ കഴിഞ്ഞാണ് കാലത്ത് കറവ നടത്തുന്നത്. അന്നേരം പാല്‍ കൂടുതല്‍ ലഭിക്കും പക്ഷെ കൊഴുപ്പ് കുറവായിരിക്കും. ഒരു കറവയില്‍ തന്നെ ആദ്യം കറന്നെടുക്കുന്ന പാലില്‍ കൊഴുപ്പ് കുറവും പിന്നീട് കറക്കുന്നതില്‍ കൊഴുപ്പ് കൂടുതലും ആയിരിക്കും.

പശുക്കള്‍ക്ക് പ്രായമാകുന്നതിനനുസരിച്ച് കൊഴുപ്പ് കുറഞ്ഞുവരുന്നു. ഏറ്റവും അധികം കൊഴുപ്പ് ആദ്യപ്രസവത്തിലും അധികം പാല്‍ മൂന്നാമത്തെ പ്രസവത്തിലും ആണ് ലഭിക്കുക. മദിയുള്ള അവസരത്തിലും പാലിന്റെ അളവും കൊഴുപ്പും കുറവായിരിക്കും.

തീറ്റയിലെ കൊഴുപ്പിനനുസരിച്ച് പാലിലെ കൊഴുപ്പില്‍ ചെറിയ വ്യത്യാസം കാണും. കൊഴുപ്പ് ഒരു ശതമാനം വര്‍ധിക്കുമ്പോള്‍ കൊഴുപ്പ് രഹിത ഖരവസ്തുക്കള്‍ 0.4 ശതമാനം വര്‍ധിക്കുന്നു. പരുത്തിക്കുരു, പിണ്ണാക്ക് എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ കൊഴുപ്പ് കൂടുതലായിക്കാണാം.